മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായി മയ്യിൽ - കാഞ്ഞിരോട് റോഡിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം പോലീസിന് കൈമാറിയ 51 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 308 ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഒറ്റ നിലയിലാണ് ആദ്യഘട്ട നിർമ്മാണം. ഇതിൽ റിസപ്ഷൻ, പി.ആർ.ഒ, എസ്.എച്ച്.ഒ മുറി, റൈറ്റർ റൂം, റെക്കാർഡ് റൂം, ജനമൈത്രി ഹാൾ, നിരീക്ഷണ ക്യാമറ, കൺട്രോൾ റൂം, ശുചിമുറിയടക്കമുള്ള രണ്ട് ലോക്കപ്പ് മുറികൾ, സബ് ഇൻസ്‌പെക്ടർ, എസ്.എച്ച്.ഒ എന്നിവർക്കുള്ള മുറികൾ, വരാന്ത, പോർച്ച് എന്നിവ നിർമ്മിക്കും. ലിഫ്റ്റ് സൗകര്യത്തിനുള്ള ഇടവും ഒരുക്കും. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് ബേസ്‌മെന്റ് രീതിയിൽ 120 ചതുരശ്ര അടിയിൽ പാർക്കിംഗ് സൗകര്യവും ഇതിനോട് ചേർന്നുണ്ടാകും. 2024 -2025 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
മയ്യിൽ, മലപ്പട്ടം, കൊളച്ചേരി, നാറാത്ത്, കുറ്റിയാട്ടൂർ പഞ്ചായത്തുകൾ പ്രവർത്തനപരിധിയായി 2010 ലാണ് മയ്യിൽ ടൗൺ കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. നിലവിൽ ഓടിട്ട ഒറ്റ നില വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
New building for Mayyil Police Station; inauguration on the 12th